Environment and organization? ( പരിസ്ഥിതിക്കും സംഘടനയോ? )

0

പരിസ്ഥിതിക്കും സംഘടനയോ?

എന്താണ് ഗ്രീൻപീസ്? അവയുടെ ലക്ഷ്യങ്ങൾ എന്താണ്?

പത്തൊമ്പതാം നൂറ്റാണ്ടുവരെ മനുഷ്യൻ പ്രകൃതിയെ ഒരു വന്യമൃഗത്തെ പോലെ കാണുകയും എങ്ങിനെയെങ്കിലും അതിനെ ആക്രമിച്ചു കീഴടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യൻ തിരിച്ചറിഞ്ഞു.മനുഷ്യൻ ഒരു ഒറ്റപ്പെട്ട ജീവിയല്ല.ജീവജാലങ്ങളുടെ വലയത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ.പ്രകൃതിയിലെ പലതിനേയും ആശ്രയിക്കാതെ മനുഷ്യന് നിലനിൽപ്പില്ല.

ഇരുപതാം നൂറ്റാണ്ടിന് പക്വത വന്നപ്പോഴാണ് 'സൈലൻറ് സ്പ്രിങ്' എന്ന പുസ്തകം പുറത്തിറങ്ങിയത്.അമേരിക്കക്കാരനായ ഡോക്ടർ റേയ്ച്ചൽ കാർസൺ എന്ന ശാസ്ത്രജ്ഞനാണ് ഈ പുസ്തകം പുറത്തിറക്കിയത്.ലോകത്തെ ഞെട്ടിച്ച ഈ പുസ്തകം പുറത്തിറങ്ങിയത് 1962-ലാണ്.അമൃത് പോലുള്ള അത്ഭുതമരുന്നായിട്ടാണ് മനുഷ്യൻ ഡി.ഡി.റ്റി യെ കണ്ടിരുന്നത്.പ്രാണിവർഗ്ഗത്തെ കൊന്നൊടുക്കാൻ പ്രയോഗിക്കുന്ന ഡി.ഡി.റ്റി മുലപ്പാലിൽ വരെ എത്തുന്നുണ്ട് എന്നറിഞ്ഞതോടെ മനുഷ്യൻ അതുവരെ സഞ്ചരിച്ചിരുന്ന തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം കണ്ടു തുടങ്ങി. ഡി.ഡി.റ്റി ക്കെതിരായ ജനമുന്നേറ്റത്തിന് തിരികൊളുത്താൻ ആ ആ പുസ്തകത്തിന് കഴിഞ്ഞു.ഡി.ഡി.റ്റി നിരോധിച്ചുകൊണ്ട് അമേരിക്കയ്ക്ക് നിയമനിർമാണം പോലും നടത്തേണ്ടിവന്നു.1983 ൽ  അമേരിക്കയുടെ അവസാന ഫാക്ടറിയും അടച്ചുപൂട്ടിയതോടെ അവിടെ ഡി.ഡി.റ്റി യ്ക്കു തിരശ്ശീല വീണു. 'സൈലൻറ് സ്പ്രിങ്' മൂലം കീടനാശിനികൾക്കെതിരെ ലോകവ്യാപകമായി എതിർപ്പുണ്ടായി.കീടനാശിനികളും കളനാശിനികളും മുതൽ ശരീരത്തിന് സുഗന്ധം നൽകുന്ന ബോഡി സ്പ്രേയിൽ വരെ അടങ്ങിയിരിക്കുന്ന മാരകവിഷാംശത്തെ കുറിച്ച് ലോകം അറിയാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ.മാവൂർ റയോൺസിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലെ മെർക്കുറി പോലുള്ള കൊടുംവിഷം ചാലിയാറിലെ മത്സ്യങ്ങളിലൂടെ മനുഷ്യനിൽ എത്തുമെന്നും കാസർഗോട് ജില്ലയിൽ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നത് എൻഡോസൾഫാൻ എന്ന കീടനാശിനിയാന്നെന്നും തിരിച്ചറിഞ്ഞപ്പോൾ പലർക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു.

വാഹനങ്ങളുടെ പുക മുതൽ പ്ലാസ്റ്റിക് കൊണ്ടുള്ള കൂടുകൾ വരെ പരിസ്ഥിതിയെ അപകടത്തിലാക്കുന്നു.

say no plastic

കാലാവസ്ഥയെ തകിടംമറിക്കുന്നു.ആ ദുരന്തം ഒഴിവാക്കാനാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതിപ്രവർത്തകർ ശ്രമിക്കുന്നത്.ആ കൂട്ടത്തിൽ ഏറെ പ്രശംസ നേടിയ സംഘടനയാണ് ഗ്രീൻപീസ്.അവരുടെ പല പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് സഹായകമായിട്ടുണ്ട്.എന്നാൽ ഇവരുടെ പ്രവർത്തനത്തെ സംശയത്തോടെ നോക്കുന്നവരും ഉണ്ട്.

1971ലെ ഒരു സെപ്റ്റംബർ.കാനഡയിലെ വാൻകൂവർ കടൽതീരം.ശാന്തവും സുന്ദരവുമായ കാലാവസ്ഥ.ഒരു സമുദ്ര യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവിടെ നടന്നുകൊണ്ടിരിക്കുന്നു.ആ യാത്രയ്ക്ക് വളരെ പ്രധാനപ്പെട്ട ലക്ഷ്യം ഉണ്ടായിരുന്നു.യാത്രയ്ക്കായി ഒരുക്കിയിരുന്നു പഴയൊരു മീൻപിടുത്ത ബോട്ട് ആയിരുന്നു.'ഫില്ലിസ് കോർമാക്' എന്ന ആ ബോട്ടിന്റെ പേര് പിന്നീട് 'ഗ്രീൻപീസ്' എന്ന് മാറ്റിയതോടെ ആ ബോട്ട് ഒരു മഹത്തായ പ്രസ്ഥാനത്തിന് തുടക്കമായി. കാനഡക്കാരായിരുന്നു ആദ്യ യാത്രക്കാർ.അവരിൽ തന്നെ പലരും ആദ്യമായാണ് സമുദ്രയാത്ര നടത്തുന്നത്.ക്യാമറകളും റേഡിയോയും ആയിരുന്നു തുഴകളെക്കാൾ അവർക്ക് പരിചയം.കാരണം അവർ പത്രക്കാരോ കലാക്കാരോ ആയിരുന്നു.അവയിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് മുൻപ് സമുദ്രയാത്ര ചെയ്ത് പരിചയമുള്ളവർ.യാത്രക്കാരിൽ ഒരാളായ ഡേവ് ബർമിങ്ഹാം ബോട്ടിന്റെ പായ് നിവർത്തി.

sailing boat

വടക്കൻ ശാന്തസമുദ്രത്തിലൂടെ ആ ബോട്ട് നീങ്ങിത്തുടങ്ങി.അലാസ്കയ്ക്ക് സമീപത്തെ അലിയൂഷ്യൻ ദ്വീപുകൾ ആയിരുന്നു അവരുടെ ലക്ഷ്യം.' പ്രകൃതിയുടെ ജൈവ കല്ലറകൾ' എന്നാണ് ഈ ദ്വീപുകൾ അറിയപ്പെട്ടിരുന്നത്.ആ ദ്വീപുകളിൽ വംശനാശം നേരിടുന്ന കഴുകൻമാരും ഉണ്ടായിരുന്നു.അമേരിക്ക ആ ദ്വീപിൽ ഒരു അണുപരീക്ഷണത്തിന് ഒരുക്കം നടത്തിയിരുന്നു.അതിനെതിരെ ലോകശ്രദ്ധ ക്ഷണിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം.അണുപരീക്ഷണം റെക്കോർഡ് ചെയ്ത് ആ വാർത്തയും അതിൻറെ ചിത്രങ്ങളും ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനും അവർ തയ്യാറായിരുന്നു. അണുപരീക്ഷണവേദിയായി അമേരിക്ക തെരഞ്ഞെടുത്തത് അലിയൂഷ്യൻ ദ്വീപിലെ ആംചിറ്റ്ക ആയിരുന്നു.ഭൂമിക്കടിയിൽ അണുബോംബ് പൊട്ടിച്ചായിരുന്നു പരീക്ഷണം.വളരെ ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശത്തായിരുന്നു ആ ദ്വീപുകൾ സ്ഥിതിചെയ്തിരുന്നത്.അണുവിസ്ഫോടനം ഭൂകമ്പത്തിനു കാരണമാകുമെന്ന് പലരും ഭയപ്പെട്ടിരുന്നു.അതിനാൽ തുടക്കംമുതൽ തന്നെ ഈ യാത്ര വാർത്തകളിലും ജനശ്രദ്ധയും പിടിച്ചുപറ്റി.ബോട്ടിലെ യാത്രക്കാർ കാനഡക്കാരായതിനാൽ അമേരിക്ക അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ തങ്ങളെ തടയില്ലെന്ന് ബോട്ടിൽ ഉള്ളവർ വിശ്വസിച്ചു.എന്നാൽ അണുപരീക്ഷണം തടയാനുള്ള ഏതു നീക്കത്തെയും ശക്തമായി നേരിടാൻ അമേരിക്കയും തീരുമാനിച്ചിരുന്നു.തുടക്കത്തിൽ യാത്ര സുഖകരമായിരുന്നെങ്കിലും പിന്നീട് ശക്തമായ കാറ്റ് മൂലം യാത്ര ദുഷ്കരമായിരുന്നു.ജീവൻ തന്നെ അപകടത്തിലാണെന്ന് യാത്രക്കാർക്ക് തോന്നി.അങ്ങനെ അവർ യാത്ര അവസാനിപ്പിച്ച് അലിയൂഷ്യൻ ദ്വീപിലെ ഒരു തുറമുഖത്ത് അഭയം തേടി.യാത്ര തടയാൻ നോക്കിയ അമേരിക്കയ്ക്ക് ഇത് നല്ല അവസരമായിരുന്നു.കസ്റ്റംസ് അനുമതിയില്ലാതെ തുറമുഖത്ത് നങ്കൂരമിട്ടു എന്ന കാരണം പറഞ്ഞ് തീരസംരക്ഷണ സേന ബോട്ടിലെ യാത്രക്കാരെ അറസ്റ്റ് ചെയ്തു.ഈ അവസരം അമേരിക്ക നന്നായി ഉപയോഗിക്കുകയും ചെയ്തു.അണുപരീക്ഷണം അവർ വൈകിച്ചില്ല.അവർ അത് വിജയകരമായി പൂർത്തിയാക്കി.ഗ്രീൻപീസിന്റെ ആദ്യയാത്ര ലക്ഷ്യത്തിലെത്തിയില്ല.എന്നാലും ആ യാത്രയ്ക്ക് വലിയതോതിൽ ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റാൻ കഴിഞ്ഞു.അണുപരീക്ഷണം പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാൻ ആ യാത്ര സഹായിച്ചു.അണു പരീക്ഷണങ്ങൾക്ക് എതിരെ ജനാഭിപ്രായം ഉയർത്താനും അതിന് കഴിഞ്ഞു.ഇതിൻറെ ഫലമായി അലിയൂഷ്യൻ ദ്വീപുകളിൽ അണുപരീക്ഷണം നടത്തില്ലെന്ന് അമേരിക്ക ഉറപ്പുനൽകി.അതായിരുന്നു ആ യാത്ര ഏറ്റവും വലിയ വിജയം.

ദേവാലയത്തിലെ കൂടിച്ചേരലും പ്രതിഷേധ പരിപാടികളും

അലിയൂഷ്യൻ ദ്വീപ് യാത്ര വിജയിച്ചു.ഇതോടെ പ്രതിഷേധക്കാരിൽ പലരും തങ്ങളുടെ പഴയ ജോലികളിലേക്ക് മടങ്ങി.എന്നാൽ ഇങ്ങനെയുള്ള പ്രതിഷേധ പരിപാടികൾ തുടരണമെന്ന അഭിപ്രായമായിരുന്നു മറ്റുചിലർക്ക്.അങ്ങനെ പലരും പറഞ്ഞതിന്റെ ഫലമായി1971ൽ ഗ്രീൻ പീസ് ഫൗണ്ടേഷൻ രൂപീകരിച്ചു.യഥാർത്ഥത്തിൽ അലിയൂഷ്യൻ ദ്വീപ് യാത്രയ്ക്ക് മുൻപ് തന്നെ ഗ്രീൻപീസിന്റെ അടിത്തറ രൂപപ്പെട്ടിരുന്നു. വാൻകൂവറിലെ ഒരു പള്ളിയിൽ വെച്ച് 1970 ൽ പല ചർച്ചകളും നടന്നിരുന്നു.ഗ്രീൻപീസ് ബോട്ടിലെ യാത്രക്കാർ ആദ്യം ഒത്തുകൂടിയതും ഇവിടെയായിരുന്നു.പാട്രിക് മൂർ,ബോബ് കമ്മിംഗ്സ്, ബൻ മെറ്റ് കാഫ്, ഡേവ് ബിർമിംങ്ഹാം എന്നിവരായിരുന്നു അവർ.ഇവർ പിന്നീട് ഗ്രീൻപീസിന്റെ സ്ഥാപകാംഗങ്ങളായി.അമേരിക്കയുടെ അണുപരീക്ഷണം തടയുക എന്നതായിരുന്നു ആ ഒത്തുചേരലിന്റെ പ്രാഥമികമായ ലക്ഷ്യം.പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തുകയായിരുന്നു ആദ്യശ്രമം.

doller

സംഭാവന പിരിച്ചും,സംഗീത പരിപാടികൾ നടത്തിയും അവർ 900 ഡോളർ സ്വരൂപിച്ചു.അങ്ങനെ ആ യാത്രയ്ക്കുള്ള ബോട്ട് വാടകയ്ക്ക് എടുക്കാൻ ഉള്ള പണം കണ്ടെത്തി.ബെൻ മെറ്റ്  കാഫായിരുന്നു ഗ്രീൻപീസ് ഫൗണ്ടേഷൻന്റെ ആദ്യ ചെയർമാൻ.റേഡിയോ ജേർണലിസ്റ്റും കനേഡിയൻ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ബെൻ.ഫൗണ്ടേഷൻന്റെ പേര് അർത്ഥപൂർണ്ണമായിരുന്നു.സംഘടനയുടെ ലക്ഷ്യവും,മാർഗവും വ്യക്തമാക്കുന്നതായിരുന്നു ആ പേര്.'ഗ്രീൻ' ഭൂമിയുടെ പച്ചപ്പിനെ സൂചിപ്പിക്കുന്നു.ജീവൻറെ ആധാരമായ സസ്യലോകത്തിൻറെ നിറമാണ് പച്ച.അത് പരിസ്ഥിതിയെ സൂചിപ്പിക്കുന്നു.'പീസ്' എന്നാൽ സമാധാനം.സംഘടനയുടെ പ്രവർത്തന രീതിയെ അത് സൂചിപ്പിക്കുന്നു.സംഘടനയുടെ തുടക്കം മുതലുള്ള പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നു.ഗ്രീൻ പീസ് ഫൗണ്ടേഷൻ പ്രവർത്തനം തുടക്കത്തിൽ കാനഡയിൽ മാത്രം ഒതുങ്ങിനിന്നു.1970കളുടെ അവസാനത്തോടെ അമേരിക്കയിലും യൂറോപ്പിലും ഓഫീസുകൾ സ്ഥാപിക്കപ്പെട്ടു.

ഫ്രാൻസിലെ അണുപരീക്ഷണവും,അതിനെതിരായ നീക്കങ്ങളും

അമേരിക്കൻ അണുപരീക്ഷണം തടസ്സപ്പെടുത്തുന്നതിൽ വിജയിച്ചതോടെ ഗ്രീൻപീസിന്റെ ശ്രദ്ധ മറ്റു അണു പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു.മറ്റൊരു അണുശക്തിയായ ഫ്രാൻസിനെ എതിരെയായിരുന്നു ഇക്കുറി പ്രതിഷേധം.1973 ൽ ആയിരുന്നു ഇത് നടന്നത്.മൊറൗറ അറ്റോളിൽ ഫ്രാൻസ് ഒരു അണു പരീക്ഷണത്തിന്  ഒരുക്കം നടത്തിയിരുന്നു.തെക്കൻ സമുദ്രമേഖലയിലെ പോളിനേഷ്യൻ ദ്വീപാണ് മൊറൗറ.സാധാരണയായി ഭൂമിക്കടിയിൽ ആയിരുന്നു അണു പരീക്ഷണങ്ങൾ നടത്തിയിരുന്നത്.എന്നാൽ ഫ്രാൻസിൽ അങ്ങനെയായിരുന്നില്ല.അതുകൊണ്ടുതന്നെ അപകടസാധ്യതയും വളരെ കൂടുതൽ ആയിരുന്നു.ഫ്രഞ്ച് അണുപരീക്ഷണം തടയാൻ ഗ്രീൻപീസ് പ്രവർത്തകർ മൂന്നു ബോട്ടുകളിൽ പരീക്ഷണ സ്ഥാനത്തേക്ക് വേഗത്തിൽ നീങ്ങി. വേഗ,മാജിക് ഐൽ, ദ ബോയ് എന്നിവയായിരുന്നു ആ പ്രതിഷേധ ബോട്ടുകൾ. ഇതിൽ 'ബോയ്' പരീക്ഷണ സ്ഥലത്തിന് വളരെ അടുത്തേക്ക് തുഴഞ്ഞടുത്തു.ഫ്രഞ്ച് നാവികസേന അവരെ ആക്രമിച്ച് തുരത്തി.'വെഗ' അവർ ഇടിച്ചുതകർത്തു.തുടർന്ന് ഫ്രഞ്ച് കമാൻഡോകൾ ഗ്രീൻപീസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.ഗ്രീൻപീസിനെതിരായ ഫ്രഞ്ച് ആക്രമണം ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നു.ന്യൂസിലൻഡ്, ഓസ്ട്രേലിയ സർക്കാരുകൾ പ്രതിഷേധസൂചകമായി പരീക്ഷണ സ്ഥലത്തേക്ക് തങ്ങളുടെ യുദ്ധക്കപ്പലുകൾ അയച്ചു.

war boat

ഗ്രീൻപീസിന്റെ പ്രതിഷേധം ഇക്കുറിയും വിജയം കണ്ടു.ഭൂമിക്കടിയിൽ അല്ലാതെ തുറന്ന അന്തരീക്ഷത്തിൽ ഇനി അണുപരീക്ഷണം നടത്തില്ലെന്ന് ഫ്രാൻസിനെ കൊണ്ട് തീരുമാനം എടുപ്പിക്കാൻ ആ പ്രതിഷേധത്തിന് കഴിഞ്ഞു.ഇതോടെ ഗ്രീൻപീസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ലോകമെങ്ങും അറിഞ്ഞു.

ജി.പി.ഐ രൂപീകരണം

ഗ്രീൻപീസ് ഫൗണ്ടേഷന്റെ മുഖ്യഓഫീസ് കാനഡയിൽ ആയിരുന്നു.അമേരിക്കയിലും യൂറോപ്പിലും 1970 അവസാനത്തോടെ ഗ്രീൻപീസ് ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങി. എന്നാൽ,ഓഫീസുകൾ തമ്മിലുള്ള ബന്ധം അനൗപചാരികമായിരുന്നു.പ്രവർത്തനങ്ങളുടെയും പ്രചരണങ്ങളുടെയും ഏകോപനം ഇതിനാൽ വിഷമകരമായിരുന്നു.സംഘടന പുനഃസംഘടിപ്പിക്കാൻ കാലമായെന്ന് അനുഭവങ്ങളും വ്യക്തമാക്കി.അണു പരീക്ഷണങ്ങൾക്ക് എതിരെ നടത്തിയ ആദ്യ പ്രവർത്തനങ്ങളിൽ നിന്നും പരിസ്ഥിതിയെ തകർക്കുന്ന മറ്റു പ്രശ്നങ്ങളുണ്ടെന്നും അതിനെതിരെ പ്രതികരിക്കണമെന്നും സംഘടനയിൽ ഉള്ളവർ തീരുമാനിച്ചു.പരിസരമലിനീകരണം,അണു മാലിന്യം,തിമിംഗലവേട്ട എന്നീ വിഷയങ്ങളിൽ പ്രതികരിക്കാൻ ആയിരുന്നു സംഘടനയിൽ ഉള്ളവരുടെ നീക്കം.

polluted

ഇത് ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമായി ഒതുങ്ങുന്ന പ്രശ്നങ്ങൾ ആയിരുന്നില്ല.അതുകൊണ്ട് ഇതിനെതിരെ ഫലപ്രദമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും ഗ്രീൻപീസിന്റെ പ്രവർത്തനങ്ങൾ ലോകമെങ്ങും വ്യാപിപ്പിക്കുകയായിരുന്നു.

ബഹുരാഷ്ട്ര കമ്പനികൾ നടപ്പാക്കിയിരുന്ന രീതിയായിരുന്നു ഗ്രീൻപീസ് പ്രവർത്തകർ തെരഞ്ഞെടുത്തത്.അങ്ങനെ 1979 ൽ ഗ്രീൻപീസ് ഇൻറർനാഷണൽ (G.P.I) രൂപീകരിക്കപ്പെട്ടു.ഹോളണ്ടിലെ ആംസ്റ്റർഡാം ആണ് ഇതിൻറെ ആസ്ഥാനം.എക്സിക്യൂട്ടീവ് ഡയറക്ടറാണ് ജി.പി.ഐ യുടെ മേധാവി.ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ് ഭരണം നിയന്ത്രിക്കുന്നത്.എക്സിക്യൂട്ടീവ് ഡയറക്ടർക്ക് താഴെ കാംപെയ്ൻ ഡയറക്ടർ,ഫിനാൻഷ്യൽ കോഡിനേറ്റർ, കമ്മ്യൂണിക്കേഷൻ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ.ഇവരെല്ലാം സംഘടനയുടെ മുഴുവൻസമയ ഉദ്യോഗസ്ഥരാണ്.അതുകൊണ്ടുതന്നെ ഉത്തരവാദിത്വങ്ങളും കൂടുതലാണ് ഇവർക്ക്.ആവശ്യമായി വരുമ്പോൾ മറ്റു മേഖലകളിൽ നിന്നും വിദഗ്ധരെ തിരഞ്ഞെടുത്ത് നിയമിക്കാറുമുണ്ട്.അങ്ങനെ തെരഞ്ഞെടുക്കുന്നവർ എല്ലാം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ്.എന്നാൽ,സംഘടനയുടെ യഥാർത്ഥ ശക്തി ഏത് പ്രതിസന്ധികളിലും എന്തും നേരിടാനുള്ള മനക്കരുത്തും,ആത്മാർത്ഥതയും, സാഹസികതയും,ഊർജ്ജസ്വലമായ നിരവധി പ്രവർത്തകരാണ്.ഇവർ യാതൊരു പ്രതിഫലവും വാങ്ങാതെ പ്രചരണ പരിപാടികൾ വിജയിപ്പിക്കുകയും ഓഫീസുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു.തെരുവുകളിലും മറ്റ് പല ഭാഗങ്ങളിലും ഗ്രീൻപീസിന്റെ ലഘുലേഖകൾ വിതരണം ചെയ്യുന്നതും ഇവരാണ്.55 രാജ്യങ്ങളിൽ ഇപ്പോൾ ഗ്രീൻപീസ് ഓഫീസുകൾ പ്രവർത്തിക്കുന്നു.ഒരു രാജ്യത്തെ പ്രധാന ഓഫീസിനെ ദേശീയ ഓഫീസ് എന്ന് വിളിക്കുന്നു.കൂടാതെ പ്രാദേശിക ഓഫീസുകളും ഉണ്ട്. ജി.പി.ഐയുടെ വാർഷിക യോഗം ആണ് അടുത്ത ഒരു വർഷത്തേക്കുള്ള പ്രചരണ പരിപാടി തീരുമാനിക്കുന്നത്.അങ്ങനെ പ്രചരണം തീരുമാനിച്ചാൽ അത് എങ്ങനെ നടത്താമെന്ന് ആസൂത്രണം ചെയ്യുന്നത് ക കാംപയ്ൻഡ് ഡയറക്ടറാണ്.കാംപയ്ൻഡ് ഡയറക്ടർ ഗ്രീൻപീസ് കപ്പൽ വ്യൂഹത്തിൽ നിന്നും പ്രചരണത്തിന് ആവശ്യമായ കപ്പലുകൾ അനുവദിക്കും.

പ്രചരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായാൽ ഒരു അന്താരാഷ്ട്ര കമ്പനിയെ പോലെയാണ് ജി.പി.ഐ പ്രവർത്തിക്കുക.ഫിനാൻഷ്യൽ കോർഡിനേറ്ററാണ് ആവശ്യമായ പണം കണ്ടെത്തുന്നത്.പ്രചരണത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെയും ചുമതല കോഡിനേറ്റർക്കാണ്.പ്രചരണത്തിന് മാധ്യമശ്രദ്ധ ഉറപ്പാക്കുന്ന ജോലിയാണ് കമ്മ്യൂണിക്കേഷൻ ഡയറക്ടറുടെത്.പ്രചരണത്തിന്റെ വാർത്തകളും ചിത്രങ്ങളും തയ്യാറാക്കി വിവിധ മാധ്യമങ്ങൾക്ക് നൽകുകയെന്നതാണ് കമ്മ്യൂണിക്കേഷൻ ഡയറക്ടറുടെ ജോലി.ജി.പി.ഐ.യുടെ രീതിയിലാണ് ദേശീയ ഓഫീസുകളും പ്രവർത്തിക്കുന്നത്.ദേശീയ ഓഫീസുകളുടെ വാർഷികയോഗം അതതു രാജ്യങ്ങളുടെ പ്രധാനപ്പെട്ട ഒന്നോ രണ്ടോ പരിസ്ഥിതിപ്രശ്നങ്ങൾ അടുത്ത ഒരു വർഷത്തെ പ്രവർത്തനത്തിന് തിരഞ്ഞെടുക്കപ്പെടുന്നു.ഇതിനു ശേഷം സ്വന്തം നിലയിൽ പ്രചരണപ്രവർത്തനങ്ങൾ തുടരുന്നു.ആവശ്യമെങ്കിൽ ജി.പി.ഐയുടെ സഹായവും ഉപദേശ നിർദേശങ്ങളും തേടാവുന്നതാണ്.ആ വർഷത്തെ ജി.പി.ഐ യുടെ പ്രചാരണ പരിപാടികൾ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് ദേശീയ ഓഫീസുകളുടെ മുഖ്യ ജോലിയാണ്.ഗ്രീൻപീസിന്റെ മുഖ്യ വരുമാനം അംഗത്വഫീസും അംഗങ്ങളിൽ നിന്നുള്ള സംഭാവനകളും ആണ്.ഇത് പിരിച്ചെടുക്കുന്ന ജോലി ചെയ്യേണ്ടത് ദേശീയ ഓഫീസുകളാണ്.ദേശീയ ഓഫീസുകൾ അവരുടെ വരവിൽ ഒരുഭാഗം ജി.പി.ഐ ക്ക് നൽകുന്നു.ജി.പി.ഐയുടെ പ്രധാന വരുമാനവും ഇതുതന്നെയാണ്.അങ്ങനെ ജി.പി.ഐ നിലനിർത്തേണ്ട ബാധ്യതയും ദേശീയ ഓഫീസുകളുണ്ട്.മുമ്പ് നഗരങ്ങളിൽ ഗ്രീൻപീസ് പ്രവർത്തകർ പൊതുജനങ്ങളിൽ നിന്ന് പിരിവു നടത്തിയിരുന്നു.പിന്നീട് ഗ്രീൻപീസ് ലേബലുകൾ ഒട്ടിച്ച ടീഷർട്ടുകളും ബാഡ്ജ്കളും വിറ്റും പണം കണ്ടെത്തിയിരുന്നു.ഇന്ന് ഇന്ന് പരിസ്ഥിതി മേഖലയിലെ ഏറ്റവും വലിയ ലോക സംഘടനകളിൽ ഒന്നാണ് ഗ്രീൻപീസ്.

greenpeace

എൻ.ജി.ഒ.കൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സർക്കാർ സഹായം ഇല്ലാത്ത സംഘടനകളിൽ ആണ് ഇത് ഉൾപ്പെടുന്നത്.ഏതെങ്കിലും രാജ്യത്തെ സർക്കാരുകളുമായി ജി.പി.ഐക്ക് ബന്ധമില്ല.തങ്ങളുടെ പ്രതിഷേധ പരിപാടികൾ കാരണം പല സർക്കാരുകളും ജി.പി.ഐയെ ശത്രുക്കൾ ആയാണ് കാണുന്നത്.ഇന്ന് ഗ്രീൻപീസ് ഇൻറർനാഷണൽ എന്ന സംഘടനയിൽ 30 ലക്ഷത്തിലധികം അംഗങ്ങളുണ്ട്.1980കളിൽ അംഗത്വ സംഖ്യ വളരെ കൂടുതൽ ആയിരുന്നു.പിന്നീട് ജനങ്ങൾക്ക് പരിസ്ഥിതി പ്രശ്നങ്ങളിൽ താല്പര്യം കുറഞ്ഞതോടെ അംഗത്വം കുറഞ്ഞു.അംഗത്വസംഖ്യ കൂട്ടാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്.പ്രചരണ പരിപാടികൾക്ക് ഉപയോഗിക്കാൻ വലിയൊരു കപ്പൽപടയും ജി.പി.ഐ സ്വന്തമാക്കി.

ഗ്രീൻപീസ് സംഘടനയുടെ ലക്ഷ്യങ്ങൾ

അലിയൂഷ്യൻ ദ്വീപിലെ അണുപരീക്ഷണം തടയുക - ഗ്രീൻപീസ് രൂപീകരിക്കപ്പെട്ടത് ഈ ഒരൊറ്റ ലക്ഷ്യത്തോടെയാണ്.സംഘടന ആദ്യവർഷങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾ അധികവും അണു പരീക്ഷണങ്ങൾക്കെതിരെ ആയിരുന്നു.പിന്നീട് ആഗോള സംഘടനയായ അതോടെ ഗ്രീൻപീസ് സംഘടനയുടെ ലക്ഷ്യങ്ങളും വിപുലീകരിക്കപ്പെട്ടു.

പിന്നീടുവന്ന ലക്ഷങ്ങൾ

1. കാലാവസ്ഥയും ഓസോൺ പാളിയും സംരക്ഷിക്കുക.വ്യാവസായികമായി പുരോഗമിച്ച രാഷ്ട്രങ്ങളുടെ സഹായത്തോടെ 'ഹരിതഗൃഹപ്രഭാവം' ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്ന വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക.

2. കടലിലെ അമിത മത്സ്യബന്ധനവും മലിനീകരണം തടയുക.മാലിന്യങ്ങളും അപകടകാരികളായ പദാർഥങ്ങളും സമുദ്രങ്ങളിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക.ശക്തമായ നടപടികളെടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുക.

3. ലോകമെങ്ങും മാലിന്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കുക ആവശ്യമായ നിയന്ത്രണം ഉറപ്പാക്കുക.

pollution

4. എയർ കണ്ടീഷണർ,റഫ്രിജറേറ്റർ എന്നിവ സാങ്കേതികമായി നവീകരിച്ച ഓസോൺപാളി യിലേക്ക് വിള്ളലുണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറന്തള്ളൽ കുറയ്ക്കുക. ഈ മേഖലയിൽ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യാ സൃഷ്ടിക്കുക അത് വ്യാപിപ്പിക്കുക.

5. വിവിധ രാജ്യങ്ങളിലെ കാടുകൾ സംരക്ഷിക്കുക വനനശീകരണത്തിന് ഇടയാക്കുന്ന വ്യാപകമായ മരംമുറിക്കൽ നെതിരെ മറ്റുവഴികൾ കണ്ടുപിടിക്കുക.

6. തിമിംഗലങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നു തിമിംഗലവേട്ട തടയുക.

7. ക്ലോറിൻ പോലുള്ള അപകടകാരികളായ രാസപദാർഥങ്ങൾ ഉപയോഗം പൂർണമായി അവസാനിപ്പിക്കുക ( മനുഷ്യനും ജന്തുക്കൾക്കും മാരകം എന്ന് വ്യക്തമായിട്ടും പേപ്പർ,പി.വി.സി തുടങ്ങിയ വ്യവസായങ്ങളിൽ ക്ലോറിൻ വ്യാപകമായി ഉപയോഗിക്കുന്നു)

8. ആണവ ഭീഷണിക്ക് അറുതി വരുത്തുക

9. ജനിതക സാങ്കേതിക വിദ്യ കണ്ടുപിടിച്ച 'ജി.എം.'വിളകൾ പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !