എന്താണ് കാർബൺഡയോക്സൈഡ്??
ഇതു വായുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു??
വായു
ലോകത്തിൽ ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു.അതിലെ 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണ്.ദിവസം കൂടുന്തോറും ഇന്ത്യയിലെ വായു മലിനീകരണത്തിന്റ തോതും ഉയർന്നു കൊണ്ടിരിക്കുകയാണ്.ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രാം ആണ് ഇതിൽ മുന്നിൽ.ലോകത്തിൽ തന്നെ വായു മലിനീകരണം ഉള്ള തലസ്ഥാന നഗരങ്ങളിൽ മുന്നിൽ തന്നെയുണ്ട് ഡൽഹി.എല്ലാ വർഷങ്ങളിലും ഡൽഹിയിലെ വായു മലിനീകരണത്തെ കുറിച്ചുള്ള റിപ്പോർട്ട് കാണാറുണ്ട്.
ഈ വർഷം ഡൽഹിയിൽ ദീപാവലി ആഘോഷം കഴിഞ്ഞപ്പോൾ വായു നിലവാര സൂചിക 600 നു മുകളിൽ പോയിരുന്നു.കർശന നിയന്ത്രണങ്ങൾ ആയിരുന്നു അന്ന് ഏർപ്പെടുത്തിയിരുന്നത്.എല്ലാവർഷവും ദീപാവലി ആഘോഷങ്ങൾ കഴിയുമ്പോൾ അന്തരീക്ഷ മലിനീകരണം ഉണ്ടാകാറുണ്ടെങ്കിലും,ഈ വർഷം അത് വളരെയധികമായിരുന്നു.
'ശ്വാസനം ആരോഗ്യത്തിന് ഹാനികരം' ഇങ്ങനെയുള്ള മുന്നറിയിപ്പുകൾ അധികം വൈകാതെ പല വൻകിട നഗരങ്ങളിലും വരാൻ സാധ്യതയുണ്ട്.പല നഗരങ്ങളിലെയും വായു വിശ്വസിക്കാൻ കൊള്ളാത്ത വിധത്തിൽ മലിനമായിരിക്കുന്നു.ഈ നഗരങ്ങളിൽ പലരും ഇന്ന് പുറത്തിറങ്ങുന്നത് തന്നെ മാസ്ക് ഉപയോഗിച്ചാണ്.സിഗററ്റ് വലിക്കുന്നതിനെക്കാൾ മാരകമാണ് ഇവിടത്തെ ശ്വസനം.ചില നഗരങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.എന്നാൽ പല മാരകമായ വാതകങ്ങളെയും ചെറുക്കാൻ ഈ മാസ്ക്കുകൾക്ക് ആകുന്നില്ല.
കാൻസർ പോലുള്ള പല മാരകമായ അസുഖങ്ങൾക്കും ഈ വായു കാരണമാകുന്നു.ലോകത്തിലെ ഏറ്റവും വായു മലിനീകരണം ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്. വായു മലിനീകരണം കാരണം ധാരാളം ആളുകൾ ഇന്ത്യയിൽ മരിക്കുന്നു.വായുമലിനീകരണം വർധിച്ചു വരുന്നതിനാൽ ഇന്ത്യയിൽ പല ആഘോഷങ്ങൾക്കും നിയന്ത്രണമെർപ്പെടുത്തിയിരുന്നു.
ഭൂമിയിലെ ജീവിവർഗങ്ങളിൽ വെച്ച് നോക്കുമ്പോൾ പ്രകൃതിയോട് ഏറ്റവും ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണ്.പ്രകൃതിയിലെ ഊർജ്ജ സ്രോതസ്സുകളെ അത്രയധികം മനുഷ്യൻ ചൂഷണം ചെയ്യുന്നു.അടുക്കളയിലെ പാചകം തുടങ്ങി ആകാശത്ത് വിമാനം പറത്താൻ വരെ നമുക്ക് ഫോസിൽ ഇന്ധനങ്ങൾ ആവശ്യമാണ്.ഈ ഉപയോഗങ്ങൾക്കെല്ലാം ആദ്യം ഉപയോഗിച്ചിരുന്നത് കൽകരിയാണ്.
പെട്രോൾ ഡീസൽ പ്രകൃതി വാതകങ്ങൾ ഇവയുടെ വരവോടെ ഇവയൊക്കെ ഒരു നിയന്ത്രണവുമില്ലാതെ കത്തിക്കാൻ തുടങ്ങി.ഇങ്ങനെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഇവ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവും വർധിച്ചു.പ്രകൃതിക്ക് പരിക്കേൽപ്പിക്കാത്ത ഊർജ്ജ രൂപങ്ങളുടെ ഉപയോഗത്തിലേക്ക് മനുഷ്യൻ മാറേണ്ട കാലം അതിക്രമിച്ചു.മനുഷ്യൻ അവൻറെ ഊർജ്ജ ആവശ്യങ്ങൾ നിയന്ത്രിക്കുക അല്ലെങ്കിൽ ഭൂമിയെ നശിപ്പിച്ച ജീവിവർഗ്ഗം എന്നായിരിക്കും മനുഷ്യനെ വിശേഷിപ്പിക്കുക.മനുഷ്യൻറെ ഊർജ്ജ കൊതിയുടെ അവസാനം എന്തായിരിക്കും കണ്ടറിയണം.
കാർബൺ ഡയോക്സൈഡ്
ഹരിതഗൃഹ വാതകങ്ങളിലെ ഏറ്റവും വലിയ പ്രശ്നക്കാരൻ കാർബൺ ഡയോക്സൈഡ് ആണ്.ഈയിടെയായി കാർബൺഡയോക്സൈഡിനെ അളവ് വൻതോതിൽ വർധിച്ചു.
മനുഷ്യൻറെ ഇടപെടൽ ആണ് ഇതിന് കാരണം.ചില ഹരിതഗൃഹവാതകങ്ങൾ കാർബൺഡയോക്സൈഡിനേക്കാൾ മാരകമാണെങ്കിലും.വളരെ ഉയർന്ന തോതിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് ഉയർന്നത് ഇതിനെ ഗുരുതര പ്രശ്നമുള്ള വാതകങ്ങളുടെ പട്ടികയിൽ പെടുത്തുന്നു.
ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും കാർബൺഡയോക്സൈഡിന്റെ പ്രാധാന്യവും മനസ്സിലാക്കണം.ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ വാതകമാണിത്.സസ്യങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഈ വാതകം കൂടിയേതീരൂ.ഭൂമിക്ക് ചൂട് നൽകുന്ന കാർബൺഡയോക്സൈഡ് ഇല്ലെങ്കിൽ ഭൂമി തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി പോയേനെ.ഭൂമിക്ക് ഒരു പുതപ്പു പോലെ ഈ വാതകം പ്രവർത്തിക്കുന്നു. എന്നാൽ ഈ പുതപ്പിന് കട്ടി കൂടിയാലോ??
ഭൂമിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.കാർബൺഡയോക്സൈഡിനെ അളവ് വളരെ ഉയർന്നതോതിൽ വർദ്ധിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനിലയും ഉയർന്ന തോതിൽ വർദ്ധിച്ചു.കടൽ നിരപ്പ് ഉയരുന്നതിനും, മഞ്ഞുപാളികൾ ഉരുകുന്നതിനും ഇത് കാരണമാകുന്നു.ഇതുകൊണ്ടാണ് കാർബൺഡയോക്സൈഡ് പ്രശ്നക്കാരായ വാതകങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.പ്രധാനമായും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് വഴിയാണ് കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത്.
വ്യവസായ വിപ്ലവത്തിനു ശേഷം ഇത് വൻതോതിൽവർദ്ധിച്ചു.1.2 ഡിഗ്രി സെൽഷ്യസിൽ അധികമാണ് അന്തരീക്ഷത്തിൽ വർധനവുണ്ടായത്.അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ വലിച്ചെടുത്ത് സംതുലനാവസ്ഥ നിലനിർത്തുന്ന സസ്യങ്ങളും മരങ്ങളും ഇല്ലാതാകുന്നതോടെ ഈ വാതകത്തിന് അളവ് ക്രമാതീതമായി കൂടുന്നു.
ജനസംഖ്യ വർധനവും വാഹനങ്ങളുടെ എണ്ണം കൂടുന്നതും കാർബൺഡയോക്സൈഡിന്റെ അളവ് കൂട്ടുന്നു.ചെടികൾ വെച്ച് പിടിപ്പിച്ച് ഇവയുടെ അളവ് കുറയ്ക്കാൻ സാധിക്കും.